Wednesday, August 26, 2009

കാര്യം സ്വവര്‍ഗരതിയില്‍ തീരില്ല

കാര്യം സ്വവര്‍ഗരതിയില്‍ തീരില്ല
ഡയറി എഴുതുന്നവരുണ്ടെങ്കില്‍ ഇന്നത്തെ തിയ്യതിയില്‍ എഴുതിവച്ചോളൂ; മന്‍മോഹന്റെ
യുപിഎ സര്‍ക്കാര്‍ രാജ്യം പൊളിച്ചടുക്കും! അഞ്ചുവര്‍ഷം കൊണ്ടു ജനം പൊറുതിമുട്ടും.
ഏതുവിധവും ഈ ഭരണം അവസാനിച്ചുകിട്ടാന്‍ ജനം പ്രാര്‍ത്ഥിക്കും. തെരഞ്ഞെടുപ്പല്ലാതെ
മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്തതിനാല്‍ 2014 വരെ ജനം കാത്തിരിക്കാന്‍
നിര്‍ബന്ധിതരാകും. കിട്ടുന്ന ആദ്യത്തെ അവസരത്തില്‍ തന്നെ യുപിഎ സര്‍ക്കാരിനെ
തൂത്തെറിയും. അത്രയേറെ ദ്രോഹങ്ങളാകും ഈ ഭരണം രാജ്യത്തിനു നല്‍കുക. പലതവണ രാജ്യം
ഭയപ്പെട്ട രാഷ്‌ട്രീയ അനിശ്ചിതത്വം ഒരു പക്ഷേ അടുത്ത തവണ ഉണ്ടാകാം. ഇതൊക്കെ
സാധ്യതകളാണ്‌; മിക്കവാറും സംഭവിക്കാന്‍ ഇടയുള്ളത്‌. വെറുതെ പറയുകയല്ല; തുടക്കം
തരുന്ന സൂചനകള്‍ ഒട്ടും ശുഭകരമല്ല.
കഴിഞ്ഞ യുപിഎയും ഭരണവുമല്ല പുതിയത്‌. സോണിയയും മന്‍മോഹനും ചേര്‍ന്നു പഴയതില്‍
നിന്നു കടഞ്ഞെടുത്ത മന്ത്രിസഭയാണ്‌ നിലവില്‍ വന്നിരിക്കുന്നത്‌. മന്‍മോഹന്‍ എന്ന
അരാഷ്‌ട്രീയക്കാരന്റെ കാഴ്‌ചപ്പാടിനും അഭിരുചിക്കും ഒപ്പിച്ചു വെട്ടിയെടുത്ത ഭരണം.
കഴിഞ്ഞ യുപിഎ സഖ്യത്തില്‍ കോണ്‍ഗ്രസിനും മന്‍മോഹനും പരിമിതികള്‍ ഏറെയുണ്ടായിരുന്നു.
ഇടതുപക്ഷത്തിന്റെ നിയന്ത്രണം, കോണ്‍ഗ്രസ്സിലെ തന്നെ സ്വതന്ത്രചിന്താഗതിക്കാരായ
നേതാക്കള്‍, മെരുങ്ങാന്‍ മടിച്ച മന്ത്രിമാര്‍, ചെറുപാര്‍ട്ടികളുയര്‍ത്തിയ ഭീഷണികള്‍
എല്ലാം കറതീര്‍ത്ത്‌ തന്നിഷ്‌ടത്തിനൊത്ത ഭരണം മന്‍മോഹന്‍ ആരംഭിച്ചിരിക്കുന്നു.
സോണിയാ-മന്‍മോഹന്‍ വായ്‌ക്ക്‌ ഇപ്പോള്‍ എതിര്‍വായില്ല. എന്തുമാകാം, എത്രയുമാകാം,
എവിടെയുമാകാം. മന്‍മോഹന്‍ സിംഗ്‌ ഇത്തവണ അപകടകാരിയാകും. സ്വവര്‍ഗരതി സംബന്ധിച്ച
നിയമ മന്ത്രാലയത്തിന്റെ നീക്കങ്ങള്‍ ഒരുദാഹരണം മാത്രം.
തെരഞ്ഞെടുപ്പിലൂടെ യുപിഎയിലെ ഘടകകക്ഷികളെ കോണ്‍ഗ്രസ്‌ നിര്‍വീര്യമാക്കിക്കഴിഞ്ഞു.
പ്രാദേശിക ചെറുകിട കക്ഷികളൊന്നും ഇനി നാവനക്കില്ല. ലാലുവും മുലായമും കുലുക്കിയാല്‍
ഇനി കേന്ദ്രം കുലുങ്ങില്ല. മായാവതിയുടെ വിറപ്പിക്കലും നടപ്പില്ല, ജയ വിലപേശാന്‍ ഇനി
വരില്ല, കരുണാനിധിക്കു മുട്ടോളം തുള്ളാനേ കഴിയൂ. ഘടകകക്ഷികള്‍ക്കെല്ലാം കോണ്‍ഗ്രസ്‌
വേണ്ടവിധം മുന്നറിയിപ്പ്‌ കൊടുത്തുകഴിഞ്ഞു. ഘടകകക്ഷികളുടെ മന്ത്രിസഭാ പ്രവേശം
ഇത്തവണ കോണ്‍ഗ്രസ്‌ ആഗ്രഹിച്ചതു പോലെയാണു നടന്നത്‌. വലിയ നാക്കുള്ള ഘടകന്മാര്‍
ഇനിയതു ചുരുട്ടി പോക്കറ്റില്‍ വയ്‌ക്കും.
ഇടതിന്റെ വാതില്‍പുറം പിന്തുണ എന്ന പൊല്ലാപ്പും ഒഴിവായിക്കിട്ടിയിരിക്കുന്നു.
കാരാട്ടും ബര്‍ദാനും ഡല്‍ഹി കുലുക്കിപ്പക്ഷികളായി ഇനി വരില്ല. ഭീഷണിയുടെ ഭാഷ ഇനി
കേള്‍ക്കേണ്ട കാര്യമില്ല. ഇറാനെ തൊഴിക്കാം. അമേരിക്കയെ വരിക്കാം. ഇസ്രയേലിനെ
മാറോടണയ്‌ക്കാം. സാമ്രാജ്യത്വ അജണ്ടകളുടെ നടത്തിപ്പുകാരാകാം. വിദേശകുത്തകകള്‍ക്കിനി
നാടുനീളെനിരങ്ങാം. ഇപ്പോള്‍ ഭരണം മുന്നണിയുടെതോ കോണ്‍ഗ്രസിന്റെതു പോലുമോ അല്ല;
സോണിയയുടെയും മന്‍മോഹന്റെതുമാണ്‌, ചിലപ്പോള്‍ സോണിയയുടേത്‌ മാത്രവും മറ്റു
ചിലപ്പോള്‍ മന്‍മോഹന്റേതും. കഴിഞ്ഞ ടേമില്‍ ചിറകുകെട്ടി കൂട്ടിലിട്ട
പ്രധാനമന്ത്രിയാണെങ്കില്‍ ഇത്തവണ സ്വതന്ത്രമായി പാറിപ്പറക്കാന്‍
ബന്ധനങ്ങളൊന്നുമില്ലാത്ത പ്രധാനമന്ത്രിയാണ്‌. ആപത്‌സാധ്യത ധാരാളം.
പാര്‍ട്ടിക്കകത്തുള്ള വലിയ വായ്‌ക്കകത്തെല്ലാം മണ്ണിട്ടു നികത്തിക്കഴിഞ്ഞു.
വിധേയരല്ലാത്തവരൊന്നും പുതിയ മന്ത്രിമാരായില്ല. കഴിഞ്ഞ അനുഭവങ്ങളില്‍ നിന്ന്‌
പഠിച്ചും പുതിയത്‌ മാറ്റുരച്ചുനോക്കിയുമാണ്‌ മന്‍മോഹന്‍ തന്റെ മന്ത്രിസഭ
രൂപപ്പെടുത്തിയത്‌. ഒരു നിമിഷം പൊറുപ്പിക്കാനാകാത്ത നട്‌വര്‍സിംഗുമാര്‍
നാലയലത്തില്ല. തുപ്പാനും ഇറക്കാനും വയ്യാത്ത അര്‍ജുന്‍സിംഗുമാരുമില്ല. ഘടകന്മാരിലെ
`വേലപ്പന്മാ'രെയും തുടച്ചുനീക്കിയിട്ടുണ്ട്‌. ശരത്‌പവാറിന്‌ പഴയ ഗ്രിപ്പില്ല,
പല്ലും നഖവും വെട്ടി വൃത്തിയാക്കിയ ലക്ഷണമുണ്ട്‌. ഇങ്ങനെ തന്നിഷ്‌ടത്തിനൊത്തു
പടച്ചെടുത്ത ഭരണകൂടത്തില്‍ പി എം ഏതാണ്ട്‌ സര്‍വത്ര സ്വതന്ത്രനാണ്‌. ഈ
സ്വാതന്ത്ര്യത്തെയാണ്‌ രാജ്യം പേടിക്കേണ്ടത്‌. ആമുഖമായി പറഞ്ഞ ആപല്‍സാധ്യതകളുടെ
ന്യായങ്ങള്‍ ഇങ്ങനെ പലവിധം.
മന്‍മോഹന്‍സിംഗ്‌ ഒരു ഡോണ്‍ ഉല്‍പന്നമാണ്‌. ഊര്‍ജസ്വലമായ കാലമെല്ലാം
പാശ്ചാത്യലോകത്തായിരുന്നു. ഇന്ത്യയുടെ സംസ്‌കാരമോ പാരമ്പര്യമോ അറിയില്ല എന്നല്ല
പറയേണ്ടത്‌, പി എമ്മിനെ ഇതൊന്നും സ്വാധീനിച്ചിരിക്കാന്‍ ഇടയില്ല. അതിനുള്ള
അവസരമുണ്ടായില്ല എന്നതാണു നേര്‌. പ്രധാനമന്ത്രി അരാഷ്‌ട്രീയക്കാരനാകുന്നതില്‍
ഗുണങ്ങളുണ്ട്‌. പക്ഷേ, പാശ്ചാത്യനാകുന്നതില്‍ ആപത്തുണ്ട്‌. ഒരു ഗ്രാമപഞ്ചായത്തില്‍
നിന്നു മത്സരിച്ചു ജയിക്കാനുള്ള പിന്തുണയില്ലാത്ത ഒരാള്‍ രാജ്യം ഭരിച്ചാല്‍ അതില്‍
അപചയസാധ്യത ഏറും. സാമ്രാജ്യത്വം നാനാവഴികളിലൂടെ ഇരച്ചുകയറും. ബാഹ്യ അജണ്ടകള്‍
നിഷ്‌പ്രയാസം നടപ്പാകും. സ്വവര്‍ഗരതിയില്‍ തീരില്ല കാര്യങ്ങള്‍. പൂരം കാണാന്‍
പോവുകയല്ലേ, പറഞ്ഞു രസംകളയുന്നതെന്തിന്‌!

No comments:

Post a Comment

ഞാന്‍

My photo
കൊടുങ്ങല്ലൂര്‍, അഴീകോട്, Saudi Arabia
വല്ലാത്തൊരു എടങ്ങേറ് പിടിച്ച കാര്യമാ ഈ സ്വയം വിശേഷണം എന്നാലും നിങ്ങളെ ബോറടിപ്പിക്കാതെ പറയാന്‍ ശ്രമിക്കാം ഒരു സാധാരണ ക്കാരന്‍ ഒന്നിനെ കുറിച്ചും ഒരു പിടിപാടുമില്ലാത്ത ഒരു പോയത്ത ക്കാരന്‍ ഒരു നാട്ടിന്‍പുറത്ത്‌ കാരന്‍ ഇപ്പോള്‍ സൗദി അറേബ്യയിലെ വഴി വക്കുകളില്‍ നട്ടു പിടിപ്പിച്ച റിയാല്‍ മരങ്ങളില്‍ നിന്നും പണവും പാതയോരങ്ങളിലെ കുഴിമാടങ്ങളില്‍ നിന്നും സ്വര്‍ണവും വാരിയെടുത്തു ഒരൊറ്റ വര്ഷം കൊണ്ട് കൊടീശ്വരനകാം എന്ന സ്വപ്നവുമായി പതിമൂന്നു കൊല്ലങ്ങള്‍ക്കു മുന്‍പ് ഇങ്ങോട്ട് വണ്ടി കയറി ഇപ്പോളും കോടി പോയിട്ട് ഒരു കുടി പോലും സ്വന്തമാക്കാന്‍ കഴിയാതെ പ്രതീക്ഷകളുമായി ഇവിടെ നഷ്ടപ്പെടുന്ന യവ്വനവും ഗ്രാമീണതയും വൃഥാവിലാകില്ല എന്ന ആശയോടെ ...........